Wednesday, July 26, 2017

ബ്രോക്കറേജ് ഞാൻ കൊടുക്കേണ്ടി വന്നേനെ !

ജീവിതത്തിൽ എല്ലാം നേടണം എന്നുള്ള ആഗ്രഹം കുറച്ചു കൂടുതലുണ്ടായിരുന്ന ആളാണ് ഞാൻ .പലപ്പോഴും അടുത്ത ചങ്ങാതികൾ എന്നിലെ "ഞാനെന്ന" ഭാവത്തെ വിമർശിച്ചിട്ടുള്ളതും ആണ്. ഇപ്പോഴെന്തിനാ ഇത് പറഞ്ഞതെന്ന് എനിക്ക് തന്നെ അറിയില്ല.

എനിക്കുണ്ടായ ഒരനുഭവം പങ്കുവെയ്ക്കുവാൻ ഞാനീ അവസരം ഉപയോഗിക്കട്ടെ ...... എനിക്ക് പണ്ടേ ആളാവാൻ കിട്ടുന്ന ഒരവസരവും ഞാൻ പാഴാക്കിയിരുന്നില്ല . അങ്ങനെ ഇരിക്കെ ആണ് പത്താം തരാം ജയിച്ചു ഞാൻ ഉപരിപഠനത്തിനു  പഠിക്കാൻ ചേരുന്നത്. എനിക്ക് ആകെ ഉള്ള ഒരേ ഒരു കൂടപ്പിറപ്പു എന്റെ സ്വന്തം സഹോദരി, അതേ സ്ഥാപനത്തിൽ  എനിയ്ക്കു സീനിയർ ആയി വേറെ ഡിപ്പാർട്മെന്റിൽ പഠിക്കുന്നുമുണ്ട് .പെൺകുട്ടികൾ മാത്രമുള്ള സ്ഥലത്തു  ചേരാൻ എനിക്ക് പ്രത്യേക താത്പര്യം ഒന്നും ഇല്ലായിരുന്നെങ്കിലും ,എട്ടാം ക്ലാസ്സു മുതൽ പത്താം ക്ലാസ്സുവരെ അമ്പതു പേരിൽ ഞങ്ങൾ അകെ നാലു പേരായിരുന്നു പെൺകുട്ടികൾ.  ആയതിനാൽ ആൺകുട്ടികളെ കണ്ടു മടുത്തത്  കൊണ്ടും അക്ക (ഞാനെൻറെ സഹോദരിയെ അങ്ങനെയാണ് വിളിക്കുന്നത് ) അവിടെ ഉള്ളതുകൊണ്ടും  എന്തെങ്കിലുമൊക്കെ പരിഗണന കിട്ടും എന്നുള്ള അത്യാഗ്രഹം കൊണ്ടും അങ്ങോടു തന്നെ വെച്ച് പിടിച്ചു. പണ്ടേ എന്നെക്കാളും എന്നിൽ പ്രതീക്ഷ വീട്ടുകാർക്കായിരുന്നു അതുകൊണ്ടു തന്നെ എന്നെ കൊണ്ടാകുന്നതും ആവാത്തതുമായ  എല്ലാ  മത്സര ഇനങ്ങൾക്കും ഞാൻ പങ്കെടുത്തിരുന്നു അഥവാ പങ്കെടുപ്പിച്ചിരുന്നു. ഞാൻ ഒരു ഒറ്റയ്ക്കു  മത്സരിച്ച പല മത്സരങ്ങളും ഞാൻ പഠിച്ച സ്കൂളുകളിൽ നടന്നിട്ടുണ്ട്. പണ്ടേ മരം കയറി പിള്ളേരുടെ സെറ്റിലെ അത്യാവശ്യം നന്നായി മരം കയറുന്ന ഒരു ജീവി  ആയിരുന്നു ഞാൻ .സൈക്കിൾ എന്റെ ഒരു ചിരകാല സ്വപ്നം ആയിരുന്നു. അച്ഛന്മാരൊക്കെ ഉപയോഗിക്കുന്ന വലിയ  സൈക്കിൾ ചവിട്ടിയിരുന്ന ഒരേ ഒരു പെൺകുട്ടി ഞങ്ങടെ നാട്ടിൽ ഞാൻ മാത്രം ആയിരുന്നു. ഇതൊക്കെ കണ്ടിട്ടാണോ എന്നറിയില്ല അവിടെ അടുത്തുള്ള ഒരു വോളി ബോൾ കോച്ച് എന്നെ അങ്ങ് ശിഷ്യ  ആക്കി.പോരാത്തതിന് പഠിച്ച സ്കൂളിലെ ഒരു മാഷും. കാര്യം പറഞ്ഞതു വന്നത് പോളിയിൽ പഠിക്കാൻ വരുമ്പോൾ തന്നെ അത്യാവശ്യം ഷൈൻ ചെയ്യാനുള്ള വക നമ്മുടെ കൈയിൽ ഉണ്ടായിരുന്നു എന്നുമാത്രമാണ് . ആൺകുട്ടികൾ ഉള്ളയിടത്തു  ചേർന്നാൽ വേണ്ടത്ര ശ്രദ്ധ  ലഭിക്കില്ല എന്ന സത്യവും ഞാൻ മനസിലാക്കിയിരുന്നു.  അവിടെ ചേർക്കാൻ അക്കക്കു ഭയങ്കര താല്പര്യം ആയിരുന്നു.ക്ലാസ്സു തുടങ്ങി അത്യാവശ്യം സീനിയർസ് ന്റെ പരിചയപെടലൊക്കെ കഴിഞ്ഞു.പതിയെ ഷട്ടിൽ  ബാഡ്മിന്റൺ ടീമിലൊക്കെ നമ്മടെ പേര് വന്നു . കളി കാണാൻ അത്യാവശ്യം കാണികളെയും കിട്ടി . അപ്പോളാണ് രാഷ്ട്രീയത്തിലിറങ്ങിയാലോ എന്നൊരു ആഗ്രഹം വന്നത് , ചുമ്മാ വെറുതെ ക്ലാസ്സൊക്കെ കട്ട് ചെയ്തു നടക്കാൻ . ഞങ്ങളുടെ ഡിപ്പാർട്മെന്റിന്റെ എതിർ രാഷ്ട്രീയ പാർട്ടി ആണ് നമ്മുടെ സ്വന്തം സഹോദരി.

അങ്ങനെ ഇരിക്കെ ഒരു ദിവസം ക്ലാസ്സിൽ ഒരു നോട്ടീസ് ഒരു സ്റ്റുഡന്റസ് ഓർഗനൈസേഷന്റെ  സെമിനാർ . സന്തോഷം.... അവസാന രണ്ടു പീരീഡ് ഇരിക്കണ്ട. സെമിനാറിൽ ഏറ്റവും അവസാനം പോയിരുന്നു. അത്യാവശ്യം സംസാരവും കാര്യങ്ങളും ഒക്കെ  ആയി സർ പറഞ്ഞതൊന്നും കേൾക്കാതെ സമയം കളഞ്ഞു ബാഡ്മിന്റൺ പ്രാക്റ്റീസും കഴിഞ്ഞു വീട്ടിൽ പൊന്നു. സാധാരണയായി എന്റെ പ്രാക്ടീസ് കഴിയുന്നത് വരെ അക്ക വെയിറ്റ് ചെയ്യും പക്ഷെ അന്ന് പുറത്തിറങ്ങിയപ്പോൾ ആളെ കാണാഞ്ഞപ്പോൾ തന്നെ എന്തോ പന്തികേട്  തോന്നി. വീട്ടിലെത്തിയപ്പോൾ ഒരു അരക്ഷിതാവസ്ഥ ഭക്ഷണം വിളമ്പിയപ്പോൾ തന്നെ അനുഭവപ്പെട്ടു . കഴിച്ചു എഴുന്നേൽക്കാൻ കാത്ത് നിന്ന പോലെ 'അമ്മ ചോദിച്ചു.നീയെന്താ ഇന്ന് നടന്ന സെമിനാറിൽ അപ്ലിക്കേഷൻ വാങ്ങാഞ്ഞതു ?. ഭാവിയിൽ അത്യാവശ്യം ജോലിക്കൊക്കെ അപേക്ഷിക്കുമ്പോൾ മുൻഗണന കിട്ടും. എന്നിട്ടുമെന്താ താത്പര്യമില്ലാത്തതു ?അങ്ങനെ ഒറ്റ ശ്വാസത്തിൽ 'അമ്മ ചോദ്യങ്ങളോട് ചോദ്യങ്ങൾ.. അപ്പൊ അതാണ് കാര്യം സഹോദരി നേരത്തെ തന്നെ വന്നു പണി ഒക്കെ റെഡി ആക്കി വെച്ചിരിക്കുവാണ് . താല്പര്യമില്ല, സമയം ഉണ്ടാകില്ല ,മാർക്ക് കുറയും അങ്ങനെ ആവുന്നത് പയറ്റി നോക്കി രക്ഷയില്ല. അവസാന നമ്പർ , അപ്ലിക്കേഷൻ ഇന്ന് മാത്രമേ കൊടുത്തുള്ളൂ ലിമിറ്റഡ് സീറ്റ് ഉണ്ടായുള്ളൂ. അത് ശരിയാവാം എന്ന് അമ്മയും വിചാരിച്ചപോലെ എനിക്ക് വെറുതെ തോന്നി. അപ്ലിക്കേഷൻ അടക്കം എല്ലാം റെഡിയായിരുന്നു  ഞാൻ ഫിൽ ചെയ്യേണ്ട കാര്യവും ഇല്ലായിരുന്നു.ഒരു ഒപ്പ്‌ ...അതും അക്ക തന്നെ ചെയ്തേനെ .. എന്തു പറ്റിയോ ആവൊ . അങ്ങനെ ഉയർന്നു വരാമായിരുന്ന  ഒരു രാഷ്ട്രീയ നേതാവിന്റെ മുളയിലേ അപ്ലിക്കേഷൻ വെച്ച് നുള്ളിക്കളഞ്ഞു(മെമ്പർഷിപ് എടുത്തവരെ രാഷ്ട്രീയ പാർട്ടികളിൽ ചേർന്ന് പ്രവർത്തിക്കാൻ അനുവദിക്കാത്ത നിയമം ആയിരുന്നു അവരുടേത്. എന്റെ അക്കക്കു വേണ്ടതും അതായിരുന്നു ) .

അങ്ങനെ ഞാനതിൽ അംഗമായി .പിന്നെ പൊരിഞ്ഞ മത്സരം അവിടെ ആളാവാൻ . രണ്ടാം വർഷത്തിൽ അനൗൺസ്  ചെയ്തു, ഞാനാണു  ഗേൾസ് ടീം ഇൻ ചാർജ് . ഞങ്ങളുടെ സ്ഥാപനത്തിനോടെ  ചേർന്ന് തന്നെ ആണ് ജനറൽ സ്ഥാപനവും . ഓർഗനൈസേഷൻ   വിങ് കോമൺ ആയിരുന്നു. അത് കൊണ്ട് തന്നെ എല്ലാ ദിവസവും ജനറൽ സ്ഥാപനത്തിലേക്ക്  ഉച്ചക്കോ അതോ വേറെ സമയങ്ങളിലോ പോകേണ്ടി വന്നിരുന്നു.

പറയാൻ മറന്നത്. മൊബൈൽ ഫോണിന്റെ കടന്നു വരവ്. അതാദ്യം വീട്ടിൽ കയറിയത് ഒരു ടാറ്റ ഇൻഡികോം കൊമ്പൊക്കെ ഉള്ള ചെറിയ ഒരു കളിപ്പാട്ട ഫോൺ പോലെ തോന്നുന്ന ഒരു ഫോണിന്റെ രൂപത്തിലാണ്. അച്ഛന്റെ ജോലി സ്ഥലത്തു നിന്നാണ് അവന്റെ വരവ് . ഞങ്ങടെ വീട്ടിൽ അതെത്തിയപ്പോൾ തന്നെ എലി  കരണ്ടു അതിന്റെ ബട്ടൺ ഇല്ലായിരുന്നു. ഒരിക്കൽ അത്  വന്നു കയറിയാൽ പിന്നെ ഇതില്ലാതെ ഒരു സുഖവുമില്ലല്ലോ . അത് കൊണ്ട് വീട്ടിൽ എന്റെ നിർബന്ധത്തിനു വഴങ്ങി ഒന്ന് വാങ്ങി. കോളേജിൽ കൊണ്ടുപോകാൻ തര രുത് എന്നൊക്കെ ആണ് എന്റെ ആദ്യത്തെ പ്രഖ്യാപനം . എനിക്ക് ജീവനുണ്ടെങ്കിൽ ഞാനതു ആൾക്കാരുടെ മുൻപിൽ ഉപയോഗിക്കില്ല എനിക്ക് നാണക്കേടാണ് എന്നൊക്കെ വേറെ ഡയലോഗും . ഒരു നോക്കിയ മൊബൈൽ വാങ്ങി. ഇൻ ചാർജ്  ഉള്ളവരൊക്കെ എപ്പോളും ഒരു യുദ്ധത്തിന് തയ്യാറായി നിൽക്കുന്ന സൈനികരെ പോലെ ആകണം എന്ന് പറയുന്ന ഒരാളായിരുന്നു മൊത്തത്തിൽ ഇൻ ചാർജ് . സ്വാഭാവികമായും തൊട്ടതിനും പിടിച്ചതിനുമൊക്കെ പുള്ളി വിളിച്ചു വരുത്തുന്നത് മൊബൈലിൽ കൂടെ ആയി അകെ അത് കൂടിയേ തീരു എന്ന അവസ്ഥ . പക്ഷെ വീട്ടിൽ ആണ് മൊബൈൽ എന്നുള്ള കാര്യം അവരോട് പറയാൻ പറ്റാത്ത അവസ്ഥയും  വേറെ ആരെ  എങ്കിലും ഇൻ ചാർജ് ആക്കിയാലോ എന്നുള്ള പേടി. ഒരു വിധം ഞാൻ അതൊക്കെ അഡ്ജസ്റ്റ് ചെയ്തു മുൻപോട്ടു കൊണ്ടുപോയി കൊണ്ടിരിക്കുന്ന സമയം .

ആ ദിവസം വന്നെത്തി. ഉച്ചക്ക് റിപ്പോർട്ട് ചെയ്യാൻ പറഞ്ഞു അറിയിപ്പെത്തി. പുള്ളിക് മിക്ക ദിവസവും ഉള്ളത് പോലെ മോട്ടിവേറ്റ് ചെയ്യാനാകും എന്ന് കരുതി. ചെന്ന് കയറിയപ്പോൾ ഒരു ഒഫീഷ്യൽ മീറ്റിംഗ് അല്ല കാരണം സീനിയർസ് മാത്രമേ ഉള്ളു അല്ലാതെ വേറെ ആരും ഇല്ല ,അവര് തന്നെ ഒരു 15 ആൾകാർ ഉണ്ട്. ഞാൻ ചെന്നപ്പോൾ തന്നെ എന്നോട് ഇരിക്കാൻ പറഞ്ഞു. എന്നെ കണ്ടപ്പോൾ ഒരു സീനിയർ  ഇറങ്ങി പോയി പക്ഷെ അത് കാര്യമായി കാണേണ്ട കാര്യമായി തോന്നിയില്ല. കുറച്ചു നിമിഷങ്ങളിലെ മൗനത്തിനു ശേഷം ഒരു സീനിയർ പറഞ്ഞു തുടങ്ങി. ഇത് നിങ്ങളുടെ പേർസണൽ കാര്യം ആണെന്ന് എനിക്കറിയാം പക്ഷെ ഇവിടെ വെച്ചാണ് നിങ്ങൾ പരസ്പരം കണ്ടതും പരിചയപ്പെട്ടതും അത് കൊണ്ടാണ് ഞങ്ങൾ ഇടപെടുന്നതും  പോരാത്തതിന് അവൻ ഞങ്ങളുടെ ക്ലാസ് മേറ്റ് കൂടിയാണ്.അവനു നേരിട്ടു പറയാൻ മടിയാണ്.ഒരാളെ വിഷമിപ്പിക്കാൻ ആർക്കും ഇഷ്ടമുള്ള കാര്യം അല്ലല്ലോ. എന്നോട് തന്നെ ആണോ എന്നൊരു സംശയം എനിക്ക് തോന്നി തുടങ്ങി. ഞാനെന്തൊക്കെയോ പറയാണ് ശ്രമിക്കുന്നുമുണ്ട് പക്ഷെ ഒന്നും പുറത്തേക്കു വരുന്നില്ല.

അവസാനം" എന്താ കാര്യം "എന്ന് ഞാൻ പറഞ്ഞൊപ്പിച്ചു.

"ഇതൊരു വലിയ ഇഷ്യൂ ആയി എടുക്കണ്ട ആശിച്ചതെല്ലാം നമുക് എപ്പോളും കിട്ടില്ല എന്ന് മാത്രം മനസിനെ പറഞ്ഞു പഠിപ്പിച്ചാൽ മതി".
.ഇയാളെന്താ നാടകം കളിക്കുവാനോ എന്നൊക്കെ എനിക്ക് തോന്നുന്നുണ്ട് പക്ഷെ എല്ലാവരും വല്ലാതെ സീരിയസ് ആണ് അതാണ് എനിക്ക് ചിരിക്കാൻ പറ്റാത്തതും. വീണ്ടും  ഞാൻ കാര്യമെന്താണെന്നു അന്വേഷിച്ചു.

"അവനു വേറെ പ്രണയമുണ്ട് എന്ന്  വെച്ചാൽ വളരെ ചെറുപ്പത്തിലേ തുടങ്ങിയ പ്രണയം ." സീനിയർ

 ഈ പറഞ്ഞത് തീരെ  എനിക്ക് തീരെ മനസിലായില്ല .ആ രോടാണ് അവർ പറഞ്ഞതെന്നും എനിക്ക് മനസിലായില്ല. കുറച്ചു സമയം കഴിഞ്ഞു ഞാൻ ചോദിച്ചു" നിങ്ങൾ  പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല , എന്നെ തന്നെ ആണോ നിങ്ങളിവിടെ പ്രതീക്ഷിച്ചത്.  എന്നോട് തന്നെ ആണോ ഇത് പറയേണ്ടത്?."

 അപ്പോളാണ് കാര്യം  പറയുന്നത്. ഞാൻ വന്നു കയറിയപ്പോൾ ഇറങ്ങി പോയ പുള്ളി  എ എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്ന ആളാണ് .എന്റെ ഫോണിൽ നിന്നും രാത്രിയും പകലുമില്ലാതെ പുള്ളിക് മിസ് കാൾ വരും ചിലപ്പോൾ ബ്ലാങ്ക് മെസ്സജ്ഉം. പോരെ എനിക്ക് അസ്ഥിക്ക് പിടിച്ച പ്രേമമാണെന്നു മനസിലാക്കാൻ. നേരിട്ടു പ്രണയം തുറന്നു പറയാൻ മടി ആയതിനാലാണ് ഞാനിങ്ങനെ ഒരു മാർഗം സ്വീകരിച്ചതെന്ന് . കാര്യം കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് സമാധാനമായി കാരണം ഞാനല്ലല്ലോ പ്രതി, എനിക്കിങ്ങനെ ഒരു കാര്യം അറിയില്ലല്ലോ . ഇനി പ്രതിയെ കണ്ടു പിടിക്കണം.

എനിക്ക് കുറച്ചു സമയം ഒറ്റക്കിരുന്നു ആലോചിക്കാൻ സമയം തന്നതാണോ അതൊ എന്റെ പ്രണയം നഷ്‌ടമായ വേദന കാണാൻ വന്നിട്ടു സാധിക്കാത്തതിനാൽ പുറത്തു പോയതാണോ എന്നറിയില്ല എല്ലാവരും പുറത്തു പോയി. ഞാൻ ആലോചിച്ചു നോക്കി. അധികം ആലോചിക്കേണ്ടി വന്നില്ല പ്രതിയെ പിടിച്ചു. വീട്ടിൽ ഇപ്പോൾ TV യുടെ മുൻപിൽ ഇരിക്കുന്നുണ്ടാകും. തിരിച്ചു കയറി വന്നവരുടെ കൂട്ടത്തിൽ കഥാനായകനും ഉണ്ട് . ഞാൻ കാര്യം അവതരിപ്പിച്ചു.അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹമാണ്. അതിന്റെതായ സ്നേഹക്കൂടുതൽ  രണ്ടു പേർക്കും ഉണ്ട് . അച്ഛൻ മത്സ്യബന്ധനത്തിന് പോകുന്നയാളാണ്. എട്ടു ദിവസം ഒക്കെ കഴിഞ്ഞേ തിരിച്ചു വരാറുളളു . അച്ഛന്റെ ബോട്ടിൽ ഫോൺ ഉണ്ട് . ഇവിടെ വീട്ടിൽ പുള്ളിക്കാരന്റെ സഹധര്മിണിക്കും ഫോണുണ്ട്. അച്ഛൻ വീട്ടിൽ നിന്നിറങ്ങി തിരിച്ചു വരുന്നത് വരെ വിളി ആണ് . മിസ് കാൾ. ഉൾക്കടലിൽ പോയത് തിരിചെത്താറാകുമ്പോൾ  കാൾ കണക്ട് ആകും അപ്പോൾ അമ്മക്ക് വീട്ടിൽ ഇരുന്നു തന്നെ മനസിലാക്കാം  അച്ഛൻ കുറച്ചു കഴിഞ്ഞാൽ വീട്ടിൽ എത്തുമെന്ന്. വീട്ടിൽ ഉപയോഗിക്കുന്ന ഫോൺ ശരിയായി ഉപയോഗിക്കാനൊന്നും അമ്മക്കറിയില്ല. അങ്ങോടു കുത്തി കുത്തി വിളിക്കും അത്രേ ഉള്ളു. അച്ഛൻ എന്ന സേവ് ചെയ്തിരിക്കുന്ന നമ്പറിന്റെ തൊട്ടടുത്ത നമ്പർ ആയിട്ടാണ് നമ്മുടെ കഥനായകന്റെ നമ്പർ . 'അമ്മ അച്ഛനെ ഡയല് ചെയ്യുന്നത് പലപ്പോളും ബട്ടൺ മാറിപ്പോയി വരുന്നത് നായകനാണ്.  പറഞ്ഞു കഴിഞ്ഞപ്പോൾ ആരും ഒന്നും മിണ്ടിയില്ല പൊയ്ക്കോളൂ എന്ന് മാത്രം പറഞ്ഞു. കാരണം അവരുടെ ബിൽഡ് അപ്പ് വളെരെ ഓവർ ആയിരുന്നു എന്ന് അവർക്കു തന്നെ അറിയാമായിരുന്നു എന്ന് തോന്നുന്നു.

ഏതായാലും അന്നത്തെ പ്രാക്ടീസ് വേണ്ട എന്ന് വെച്ച് ഞാൻ വീട്ടിൽ വന്നു. വരാന്തയിൽ നിന്ന് തന്നെ കാണാമായിരുന്നു സീരിയലിന്റെ മുൻപിൽ ഇരുന്നു പയർ അറിയുന്നതിന്റെ  സൈഡിൽ തന്നെ മൊബൈൽ. ഇപ്പോ കൂടി അച്ഛനെ വിളിക്കാൻ ശ്രമിച്ചു എന്നുള്ളത് സ്പഷ്ടം. എന്താ വൈകിയത് ആരെ  കാത്തുനിന്നതാ  എന്നുള്ള ആക്കിയ ചോദ്യത്തിന് അമ്മയായിട്ടു കാത്തു  നിക്കാൻ ആളെ ഉണ്ടാക്കി തന്നേനെ എന്ന് പറയാൻ വന്നത് വിഴുങ്ങി ഞാൻ അകത്തേക്ക് ഡ്രസ്സ് മാറാൻ കടന്നു.

ബ്രോക്കറേജ് ഞാൻ കൊടുക്കേണ്ടി വന്നേനെ !.അമ്മയ്ക്കു തന്നെ................

Thursday, February 23, 2017

ഞാൻ വീണ്ടും...

2 വർഷം കുറച്ചു മാസങ്ങൾ...


കടന്നു പോയത്‌ ഇത്രയും അധികം ദിവസങ്ങൾ ആണെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല.  ജീവിതം വിചാരിച്ചത് പോലെ തന്നെ പോയാൽ ചില സിനിമകൾ പോലെ കാണാൻ താല്പര്യം ഇല്ലാത്തതു പോലെ ആകും. പുതിയൊരു ദിശ കണ്ടുപിടിക്കാനുള്ള തത്രപ്പാടിലാണ്. ചിലപ്പോൾ അത് ജീവിതം തന്നെ കൊണ്ടുപോയേക്കാം.

വെറുതെ ഒരു ബ്ലോഗ്‌ തുടങ്ങി ഇവളെവിടെ പോയി പണ്ടാരമടങ്ങി എന്ന് ആരെങ്കിലും ചിന്തിച്ചെന്ന് ഞാൻ വിചാരിക്കുന്നു. വലിയ വലിയ ഡയലോഗ് ആണല്ലോ ഞാൻ അന്ന് തട്ടിവിട്ടത്. സമയമില്ലാരുന്നു തിരക്കാരുന്നു എന്നൊക്കെ വേണമെങ്ങിൽ പറയാം പക്ഷെ ഒരു മനസാക്ഷി കുത്ത് കാണുമെന്നുറപ്പുള്ളതു കൊണ്ട് പറയുന്നില്ല. തരക്കേടില്ലാത്ത മടിയും വേറെ കുറച്ചു കാരണങ്ങളും.

വീണ്ടും ഞാൻ വന്നത് ഇത് വായിക്കുന്ന ആരെങ്കിലുമൊക്കെ ഉണ്ടെങ്കിൽ ഒന്ന് വെറുപ്പിക്കാനാണ്. ഞാൻ എഴുതും വായിക്കാൻ ക്യൂ നിൽക്കുന്ന ആരാധകരൊന്നും ഇല്ല. പക്ഷെ ഒരാൾ വായിച്ചാൽ നിർവൃതി... അത്രേ ഉള്ളൂ.

Sunday, June 1, 2014

അദ്ധേഹത്തിനും സ്വന്തം കാര്യം സിന്ദാബാദ്‌

നമ്മുടെ സ്വന്തം ഏറണാകുളം ജനറൽ ഹോസ്പിറ്റലിൽ കഴിഞ്ഞ ദിവസം അമ്മയെയും കൊണ്ട് ഡോക്ടറെ കാണാൻ പോയതാണേ... 8 മണിക്ക് തുടങ്ങുന്ന ഒപി ടിക്കറ്റ്വിതരണം വളരെ ഏറെ തിരക്കുള്ള അന്തരീക്ഷത്തിലാണ് നടകുന്നതെന്നുള്ള മുന്നറിവുള്ളത്കൊണ്ടാകണം ജെട്ടി ബസ്സ്റ്റാൻഡിൽ നിന്നിറങ്ങി നടന്നപോൾ എന്റെ കാലുകളുടെ വേഗത വല്ലാതെ കുടിയത്. റിലേ ടീമിൽ ഓടിയുള്ള നൊസ്റ്റാൾജിയ മധുരമായ് നുണഞ്ഞു കൊണ്ട് ഗ്രിപ്പുതീരെയില്ലാത്ത എന്റെ ഭംഗിയുള്ള ഷൂസിട്ട  മനോഹരമായ (ഞാനും എന്റെ ഭർത്താവും  പിന്നെ എന്റെ അമ്മയും മാത്രം അവകാശപെടുന്ന )കാലുകള്കൊണ്ട് ഓട്ടത്തിന്റെ ആക്ഷനിൽ ഉള്ള നടത്തം അങ്ങോട് നടത്തിയത്. ചുറ്റുമൊന്നു നോക്കിയപ്പോളാണ്  മനസിലായത് ബസിൽ നിന്നിറങ്ങിയ അമ്പതോളം വരുന്നവരിൽ 48 -മത് മാത്രമായ് എനിക്ക് ഫിനിഷ് ചെയ്യേണ്ടിവരുമെന്ന് .നമ്മളൊന്നും ഒന്നുമല്ല അമ്പതിന് മുകളിൽ പ്രായമായാൽ മാത്രമേ ഇത്രയും സ്പീഡിൽ ഓട്ടം ഓടാൻ പറ്റുള്ളൂ .പക്ഷെ തോൽവി ഞാൻ സമ്മതിക്കാൻ പാടുണ്ടോ. അതിവിദഗ്ദമായി വണ്ടിക്ക് വട്ടം ചാടിയോടി ഞാൻ ഉദ്ദേശം 42 മതായി ഞാൻ ഫിനിഷ് ആയി.അവിടെ ഒപി ടിക്കറ്റ്ഹാളിൽ സഡൻ ബ്രേക്കിട്ടപോൾ കണ്ട കാഴ്ച ഹൃദയം വേദനിപ്പിക്കുന്നതായിരുന്നു . നീണ്ട കറുത്ത പാമ്പിനെ പോലെ 3 ക്യൂ . അതിൽ ഞാൻ നടുക്കത്തെ ക്യൂ ന്റെ ഒരു 60 താമത്തെ ആളായി ഫിനിഷ് വീണ്ടും ചെയ്തു.1,3,4 കൌണ്ടർ കളിലായാണ് ആൾക്കാർ നിന്നിരുന്നത്. ഓടി തളര്ന്ന ഞാൻ ഒരു മൂക്കു പൊത്തി മറ്റേ മൂക്കിൽ കുടി ശ്വാസം എടുത്തു പഴയ ഓർമയിൽ അണപ്പ് മാറ്റി(ഞാൻ പണ്ടേ ഒരു അത്ലെറ്റ് ആന്ന് ) പരിസരം വീക്ഷിച്ചു.അപ്പോഴാണ് 3 നും 4 നും ഇടയിൽ നമ്പരില്ലാത്ത ഒരു കൌണ്ടർ വേണമെങ്ങിൽ 3 1/2 എന്ന് വിളിക്കാവുന്ന അവിടെ ഒരു 15 പേരടങ്ങുന്ന ഒരു ക്യൂ. ഞാൻ എത്തിയ സമയം 7:10 ആണ്. അപ്പോൾ മത്സരത്തിൽ ഒന്നാമാതെത്തിയിരിക്കുന്നവർ മിനിമം ഒരു 5 മണിക്കെന്ഗിലും എത്തി കാണണം. ഞാൻ പറഞ്ഞു വന്ന മറ്റുള്ളവയെ അപേക്ഷിച്ച് കുഞ്ഞനായ ക്യു വിലുള്ളവരോട്  അപ്പുറത്തെയും ഇപ്പുറത്തെയും വിശാലമനസ്കർ പറയുന്നത് കേട്ടു . അവിടെ കൌണ്ടർ ͑ഇല്ല കേട്ടോ. അവർക്കൊന്നും അത് കേട്ട ഭാവമേ ഇല്ലയിരുന്നെങ്കിലും കൂട്ടതിലെ തന്റേടം ഉള്ള ചുവന്ന ചുരിദാറിട്ട ഒരു ചേച്ചി പറഞ്ഞു ഞങ്ങൾ വാങ്ങാറ് ഉള്ളതാണ്.

            ആയിക്കോട്ടെ, ശരി മുതലാളി.

     പിന്നീടാണ് എനിക്ക് മനസിലായത് പുള്ളിക്കരിയാണ് ക്യൂവിന്റെ മാർക്കറ്റിംഗ് മാനേജർ എന്ന്.അതിലെ പുള്ളിക്കാരിയുടെ മുഖത്തേക്ക് നോക്കി ചിരിക്കുന്ന എല്ലാവരെയും മാടി മാടി വിളിച്ചു സ്വന്തം ശക്തി വർദ്ധിപ്പിക്കുന്ന തിരക്കിലാണ് കക്ഷി.കാര്യം ആരെയും സഹായിക്കനോന്നും അല്ല പുറത്തായാൽ ഒച്ചയിടുക്കാൻ ഒരു ബലം വേണമല്ലോ .അങ്ങനെ കുറച്ചു ചങ്കുറ്റമുള്ളവരും കുറച്ചു കൂടുതൽ ദുരാഗ്രഹികളും സമർഥൻ ആണെന്ന് സ്വയം വിശ്വസിക്കുന്നവരും കൂട്ടത്തിൽ എളുപ്പം പറ്റിക്കാവുന്നവരും ആയവർ അണികളായി (ഞാനൊരു പെണ്ണായത് കൊണ്ടാകാം ക്യൂ വിൽ ചേർന്നവരെല്ലാം ആണുങ്ങൾ ആണെന്ന മട്ടിൽ വെച്ച് കാച്ചുന്നത്. അവിടെ ഒരൊറ്റ പുരുഷ അണി പോലും ഉണ്ടായില്ല എന്നത് ഒരു രഹസ്യം ആയിരികട്ടെ ). സമയം 8 ആയി 8:05 ആയി 8:10 ആയി കൃത്യനിഷ്ഠത സർകാർ സ്ഥാപനങ്ങളിൽ മാത്രം കാണാൻ പറ്റണതായത് കൊണ്ട് ഉള്ളവൾക് അതവിടെയും അനുഭവിക്കാൻ സാധിച്ചു.ഞങ്ങളുടെ വാച്ചിലെ 8:25 നും അവരുടെ വാച്ചിലെ 8 മണിക്കും നട തുറക്കപെട്ടു.
       തുറന്നു. നമ്മുടെ 3 1/ 2 ക്യൂവിലെ അണികളുടെ പണി പാളി. അത് തുറന്നില്ല. ഞാനടക്കമുള്ളവർ വിജയിഭാവത്തോടെ അവരെ നോക്കി പല്ലിളിച്ചു . ക്യൂവിലുള്ളവർ യാഥാർഥ്യം തിരിച്ചറിഞ്ഞു. അവർ അടുത്ത ക്യു വിൽ തള്ളികയറാൻ ശ്രമിക്കുകയും വളരെ സഭ്യമായ ഭാഷയിൽ ഹോസ്പിടൽ അധികൃതരെ പുകഴ്ത്തി പറയുകയും ഒന്നും മിണ്ടാതെഏറ്റവും അവസാനക്കരായി സ്ഥാനം പിടിക്കുകയും ചെയ്തു പോന്നു. ക്യൂ വിന്റെ മുതലാളി പെട്ടെന്ന് ശിഥിലമായി ചിന്ന ഭിന്നമായ അണികളെ നോക്കി പോയാൽ പോകട്ടെ എന്ന ഭാവത്തിൽ ഇടയിൽ കയറാൻ ശ്രമിച്ചുകൊണ്ടിരുന്നു.സ്വഭാവികമായ മലയാളികളുടെ സഹായമനസ്കത ഉള്ള ഞങ്ങളുടെ ക്യൂ വിലെ ആൾകാർ അവരെ കുഷ്ഠരോഗികളെ പോലെ  ചീത്ത വിളിച്ചും തള്ളി പുറത്താക്കിയും ഓടിച്ചു വിട്ടു.പക്ഷെ തോൽവി സമ്മതിക്കാതെ ചിലര് കൌണ്ടർ നു മുൻപിൽ നിന്ന് ചീട്ടു അകത്തേക്ക് നീട്ടാൻ ശ്രമിച്ചു.ആദ്യമേ സഭ്യമായ ഭാഷയിൽ മാത്രം സംസാരിച്ചിരുന്ന ഒരു കാരണവർ അവടെ കാര്യങ്ങൾ വളരെ വളരെ ഡീസെന്റ്‌ ആക്കി മാറ്റി. ഒരു നിമിഷം ഞാൻ നില്ക്കുന്നത് കൊടുങ്ങല്ലൂർ ഭരണി കവിലാണോ എന്ന് പോലും ഞാൻ സംശയിച്ചു . ഠമാർ പഠാർ ,150-200 km സ്പീഡിൽ വാക്ശരങ്ങൾ  ചീരിപാഞ്ഞു വന്നു കാതുകളെ നന്നായി മുറിവേൽപ്പിച്ചു കൊണ്ടിരുന്നു.പെണ്ണുങ്ങളെ കൊണ്ട് മലയാള ഭാഷക്ക് ഇത്രയും വാക്കുകൾ സമ്മാനിക്കാൻ കഴിയും എന്ന് ഞാൻ വേദനയോടെ മനസിലാക്കി.കൌണ്ടർ ജീവനക്കാരാകട്ടെ വീണു കിട്ടിയ ഇടവേള പരസ്പരം പരദൂഷണം പറഞ്ഞും മൊബൈൽ നോക്കിയും വിനോദപൂരിതമാക്കി .
                 അപ്പോഴുണ്ട് ദേ വരുന്നു ഒത്ത കൊമ്പന്റെ തലയെടുപ്പോടെ ആൾക്കൂട്ടത്തിനിടയിൽ നിന്നും 4 മത്തെ ക്യൂവിന്റെ മിനിമം 125 മത്തെ ആൾ . ആറടി 3 ഇഞ്ച്‌ പൊക്കം, ഒത്ത ശരീരം ,നല്ല കട്ടി മീശ (മീശ പണ്ടേ എനിക്ക് വീക്നെസ് അയിരൂന്നു. കെട്ടുന്നെങ്കിൽ അങ്ങനെ ഒരുത്തനെ മാത്രമേ കെട്ടൂ എന്ന് പറഞ്ഞു നടന്നിരുന്നു. N .B : സ്വയം കണ്ടുപിടിച്ചത് പക്ഷെ മീശ വളരാത്ത ആളായത് ഞാൻ മാത്രം പരാമർശിക്കപ്പെടാൻ ഇഷ്ട്ടപെടതിരിക്കുന്ന കാര്യമാണ് ) , ഫ്രെയിം ലെസ്സ് ഗ്ളാസ് , അലക്കി തേച്ച വടിവൊത്ത ഇൻ ചെയ്ത ഷർട്ട്‌ , പാന്റ്സ് ,പോളിഷ് ചെയ്ത ഷൂസ് , ഒരു 35 വയസ്സ് . മാന്യതയും പേഴ്സണാലിറ്റിയും തുളുമ്പുന്ന ശരീര ഭാഷ, ആകർഷകമായ നോട്ടം. നിർത്തൂ എന്നുള്ള അദ്ധേഹത്തിന്റെ അക്രോഷത്തിനു മറുപടിയായി ഭരണി പാട്ടിനു വിരാമമിട്ടുകൊണ്ട് സംഘവും ഞാനും ഞങ്ങളും ടിയാനെ നോക്കി.
                എന്താ ഇത് സംസ്കാരമില്ലാത്തതു പോലെ, ഇത്രയും ആളുകൾ നില്ക്കുന്നത് കണ്ടില്ലേ .ഇതൊരു പൊതുസ്ഥലമാണ് ഇവിടെ ശബ്ദം ഉയർത്തുന്നത് സൂക്ഷിച്ചു വേണം. നമ്മുടെ കുഞ്ഞുങ്ങൾ  ഇത് കേൾക്കുകയല്ലേ ,അവരത് കേട്ട് പഠിക്കില്ലേ. ക്ഷമ എന്തിനും ഏതിനും നല്ല മരുന്നാണ് . സഹായമാനോഭവം നന്മയെ വരുത്തൂ. നോക്കു എത്ര എത്ര രോഗങ്ങളും പേറിയാണിവരൊക്കെ നില്ക്കുന്നത്. സമാധാനപരമായി കാര്യങ്ങളെ സമീപിക്കാൻ പഠിക്കൂ . വഞ്ചന നാശമേ ഉണ്ടാക്കൂ.

      ഞങ്ങള്കെല്ലാം നടുവില നിന്ന് സന്ദർഭത്തിന് യോജിക്കുന്നതും അല്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് ഒരു ലഘുപ്രസംഗം നടത്തി.പൌരധർമ്മത്തെ കുറിച്ചും രോഗപീഡിതരുടെ അവസ്ഥയെ കുറിച്ചും സഹജീവിയെ സഹായികേണ്ട ആവശ്യകതയെ കുറിച്ചും നല്ല തലമുറയെ വാർത്തെടുക്കേണ്ട തിനെ കുറിച്ചും മൊത്തമായി 3 മിനുട്ടിൽ കുറയാത്ത പ്രസംഗം നടത്തി.ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് എന്ന് പറയണ പോലെ respect അറ്റ്‌ ഫസ്റ്റ് സൈറ്റ് എനിക്ക് തോന്നി പോയി. നമ്മുടെ ഭരണി സംഘം പെട്ടെന്നുണ്ടായ സമൂഹ്യ ബോധത്തിന് മേൽ ചിന്തിച്ചു നില്ക്കുന്ന സമയത്തിനും ഞാനടക്കമുള്ളവർ അദ്ധേഹത്തിനെ മനസ്സിൽ ആരുടെ കൂടെ ഇരുത്തണം എന്നാലോചിച്ചു നിൽകുമ്പോൾ , പെട്ടുന്നുണ്ടായ ആഗ്രഹത്തിൽ ആ  കട്ടിമീശയുടെ ഭംഗി ഒന്നുകൂടി ആസ്വദിക്കണമെന്നു തോന്നി നോക്കിയപോളാണാ ഹൃദയം തകരുന്ന കാഴ്ച കണ്ടത്.കൌണ്ടർ ന്റെ മുൻപിൽ കുത്തിപിടിച്ചിരുന്ന അദ്ധേഹത്തിന്റെ വലതു കയ്യിലിരുന്ന ചീട്ടു അകത്തേക്ക് നീളുന്നു.കൌണ്ടർ യിൽ ഇരുന്ന എ കുസുമ വദന ചെറു ചിരിയോടെ അതിൽ നമ്പർ ഇട്ടു നല്കി. തിരികെ വാങ്ങിയ ചീട്ടു ഇടതു കൈവെള്ളയിൽ പതുക്കെ അടിച്ചു കൊണ്ട് പ്രശ്നപരിഹാര ഉദ്യമം പാടേ ഉപേക്ഷിച്ചു കണ്ടു നിന്ന 400 ൽ അധികം വരുന്ന ഞങ്ങളെ എല്ലാവരെയും  വിഡ്ഢികളാക്കികൊണ്ട് ഞാനടക്കമുള്ള അരാധികവ്രിന്ദത്തിന്റെ അരികിലൂടെ കണ്ണുകൾ അടച്ചു കാട്ടി കള്ളചിര്യോടു കൂടി നടന്നുപോയി.
                 ആരും പ്രതികരിച്ചില്ല. എനിക്ക് പ്രതികരിക്കാൻ തോന്നാതിരുന്നത്തിനു കാരണം , ഞാൻ അപ്പോൾ കണ്ടത് സ്വപ്നമാണ് എന്റെ ആരാധനാ പുരുഷൻ അങ്ങനെ ഒരിക്കലും ചെയ്യില്ല എന്ന് മനസിനെ വിശ്വസിപ്പിക്കാൻ തലച്ചോറ് കഠിനാധ്വാനം ചെയ്തത് കൊണ്ടാണെന്ന് തോന്നണു. ഏതായാലും ഭരണിപ്പാട്ട് സംഘത്തെ പക്ഷെ പന്നെ അവടെ കണ്ടില്ല. ക്യൂ മുൻപോട്ടു നീങ്ങി. എനിക്ക് മനസ്സിൽ വല്ലാത്ത വിഷമം തോന്നി.ഈ ലോകത്ത് എല്ലാവര്ക്കും അവരവർക്ക് വേണ്ടി മാത്രമേ ജീവിക്കനാകൂ എന്നത് ഒരു ബ്രഹ്മാണ്ട സത്യം ആണ്.


                ആൾകൂട്ടത്തിൽ തലയെടുപ്പോടെ വന്ന അദ്ധേഹത്തിനും സ്വന്തം കാര്യം മാത്രം സിന്ദാബാദ് .

Sunday, April 6, 2014

ചുമ്മാ

എന്നെ പഠിക്കാൻ ഈ ലാപ്ടോപ്പും തന്നു കൃഷി പണിക്ക് പോയതാ  എൻറെ കെട്ട്യോൻ ...രണ്ടു തവണ പാളി ഈ സ്ക്രീനിൽ നോക്കിയെങ്കിലും മനസിലായില്ല ... പക്ഷെ ഉറപ്പായും കയ്യോടെ പോക്കും ... അതൊക്കെ പോകട്ടെ ...
ജീവിതത്തെ സീരിയസ് ആയി കാണാൻ ശ്രമികണം ഉള്ള കഴിവുകളെ പരിപോഷിപ്പിക്കണം എന്നൊക്കെ ഉള്ള തീരുമാനങ്ങൾ സ്വയം എടുകെണ്ടാതനെ ... അതിനു ആര്ക്കും നമ്മളെ ഫോഴ്സ് ചെയ്യാൻ പറ്റില്ല ...

ഞാനപ്പോൾ എന്റെ കുറിക്കാനുള്ള കഴിവ് ഇവടെ പരീക്ഷിക്കുകയാണ് ... ക്ഷമിക്കുക വായിക്കുന്ന നിങ്ങൾ മാത്രമാണേ എന്റെ പരീക്ഷണ ശാലകൾ...